ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമോ കേടുപാടുകളോ പരിഹരിക്കുന്നതിനാണ് ധനസഹായം നൽകുന്നത്.

പരമാവധി ₹50,000 ധനസഹായം

വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പരമാവധി ₹50,000 വരെ ധനസഹായം ലഭിക്കും. വീടിന്റെ പരമാവധി വിസ്തീർണ്ണം 1,200 ചതുരശ്ര അടി കവിയാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.

മുൻഗണന ലഭിക്കുന്നവർ

ബി.പി.എൽ കുടുംബങ്ങൾക്ക് പദ്ധതിയിൽ പ്രത്യേക മുൻഗണന നൽകും. കൂടാതെ താഴെപ്പറയുന്ന വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും:

  • അപേക്ഷകയ്‌ക്കോ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളികളുള്ള കുടുംബങ്ങൾ
  • പെൺമക്കൾ മാത്രമുള്ള കുടുംബങ്ങൾ
  • മക്കളില്ലാത്ത അപേക്ഷകർ

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയില്ല. കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടുള്ളവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ആവശ്യമായ രേഖകൾ

അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളും സമർപ്പിക്കണം:

  • അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂനികുതി അടച്ച രസീതിന്റെ പകർപ്പ്
  • റേഷൻ കാർഡിന്റെ പകർപ്പ്
  • വീട് നവീകരിക്കേണ്ടതിന്റെ ആവശ്യകത തെളിയിക്കുന്ന സാക്ഷ്യപത്രം
  • വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന സാക്ഷ്യപത്രം
  • കഴിഞ്ഞ 10 വർഷത്തിനിടെ മറ്റ് വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണ/പുനരുദ്ധാരണ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം

മുകളിൽ പറഞ്ഞ സാക്ഷ്യപത്രങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നാണ് ലഭ്യമാക്കേണ്ടത്.

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, താഴെപ്പറയുന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ സമർപ്പിക്കാം:

ഡെപ്യൂട്ടി കളക്ടർ (ജനറൽ)
ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ
ജില്ലാ കളക്ടറേറ്റ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 10

അപേക്ഷ ഫോം താഴെ കൊടുത്തിട്ടുണ്ട്👇

Attachments
കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail